വിജ്ഞാന തൊഴില്‍ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ എന്ന ലക്ഷ്യവുമായി നോളെജ് ഇക്കോണമി മിഷന്റെ രജിസ്ട്രേഷന് ക്യാമ്പയിന്. നവംബര്‍ ഒന്നിന് ആരംഭിച്ച് ഒരു മാസം നീണ്ടുനില്‍ക്കുന്നതാണ് ‘സ്റ്റെപ്പ് അപ്പ്’ എന്ന പേരില്‍ ആരംഭിച്ച ക്യാമ്പയിന്. അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരെ മിഷന്റെ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യിച്ച് തൊഴില്‍ സജ്ജരാക്കാനാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലന്വേഷകരെയും തൊഴില്‍ ദാതാക്കളെയും പരസ്പരം ഒന്നിപ്പിക്കുന്ന ഡിഡബ്ല്യുഎംഎസ് (DWMS) എന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലാണ് തൊഴില്‍ ആവശ്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. എന്റെ തൊഴില്‍ എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി സംസ്ഥാനവ്യാപകമായി നടക്കുന്ന ക്യാമ്പയിന് യുവജനക്ഷേമബോര്‍ഡിന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെയാണ് നടത്തുന്നത്.
തൃശ്ശൂര്‍ ജില്ലയില്‍ തൊഴിലന്വേഷകരായി 5,06,910 പേര് ഉണ്ടെന്നാണ് ജാലകം സര്‍വ്വേയിലെ കണ്ടെത്തല്‍. എന്നാല്‍ ഇതുവരെ 1,24,080 പേരാണ് ഡിഡബ്ല്യുഎംഎസ് (DWMS) രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇനിയും രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത വലിയൊരു വിഭാഗം തൊഴിലന്വേഷകര്ക്കിടയിലേക്കുകൂടി മിഷന് സേവനങ്ങള്‍ എത്തിക്കാന്‍ സ്റ്റെപ് അപ് ക്യാമ്പയിന് വഴി സാധിക്കും. ഡിഡബ്ല്യുഎംഎസ് (DWMS) ല്‍ രജിസ്റ്റര്‍ ചെയ്യാനായി യുവനക്ഷേമബോര്ഡിന്റെ കമ്മ്യൂണിറ്റി ലെവല്‍ കോ-ഓര്‍ഡിനേറ്റര്‍മാരുടെയും നോളെജ് മിഷന്റെ കമ്മ്യൂണിറ്റി അംബാസിഡര്‍മാരുടെയും സഹായം പ്രയോജനപ്പെടുത്തും.
നവകേരളം വിജ്ഞാന സമ്പദ് ഘടനയില്‍ അധിഷ്ടിതമായ വിജ്ഞാനസമൂഹമാകണമെന്ന സര്‍ക്കാര്‍ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയാണ് നോളെജ് ഇക്കോണമി മിഷന് പ്രവര്‍ത്തിക്കുന്നത്. 2026 നുള്ളില്‍ 20 ലക്ഷം പേര്‍ക്ക് വിജ്ഞാനതൊഴില്‍ രംഗത്ത് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ മിഷന് വിവിധ പദ്ധതികള്‍ നടപ്പാക്കിവരുന്നു. തൊഴിലന്വേഷകരെ തൊഴില്‍ സജ്ജരാക്കാനായി നടത്തുന്ന വിവിധ സേവനങ്ങളും അതേത്തുടര്‍ന്നുള്ള തൊഴില്‍ മേളയും ഉള്‍പ്പെടുന്നതാണ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍.
ഡിഡബ്ല്യുഎംഎസ് (DWMS) ഡിജിറ്റല്‍ പ്ലാറ്റ്ഫോമിന്റെ മൊബൈല്‍ പതിപ്പായ ഡിഡബ്ല്യുഎംഎസ് (DWMS) കണക്റ്റ് ആപ്ലിക്കേഷന്‍ ഉപയോഗിച്ചും രജിസ്റ്റര്‍ ചെയ്യാനും സേവനങ്ങള്‍ ഉപയോഗപ്പെടുത്താനുമാവും. തൊഴിലന്വേഷകരും തൊഴില്‍ ദാതാക്കളും നൈപുണ്യ പരിശീലന ഏജന്‍സികളും ഒന്നിക്കുന്ന ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം എന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴിയാണ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഇതിലൂടെ ഉദ്യാഗാര്‍ഥികള്‍ക്ക് അവര്‍ക്കിണങ്ങുന്ന ജോലി തെരഞ്ഞെടുക്കാനാകും.
ഡിഡബ്ല്യുഎംഎസില്‍ രജിസ്റ്റര്‍ ചെയ്യുന്ന 18 നും 59 നും ഇടയില്‍ പ്രായമുള്ള തൊഴിലന്വേഷകര്‍ക്ക് യോഗ്യത, സ്കില്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ താല്‍പ്പര്യമുള്ള തൊഴിലിന് അപേക്ഷിക്കാം. തൊഴില്‍ദാതാവ് അവര്‍ക്കനുയോജ്യമായ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുത്ത് അഭിമുഖത്തിനുള്ള അവസരം നല്കുന്നു. കൂടാതെ തൊഴിലന്വേഷകര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി വിവിധ സൗജന്യ സേവനങ്ങളും ലഭിക്കുന്നു.
യോഗ്യതയ്ക്കും കഴിവിനും അനുയോജ്യമായ തൊഴില്‍ തെരഞ്ഞെടുക്കാന്‍ സഹായിക്കുന്ന സൈക്കോമെട്രിക് ടെസ്റ്റ് ആന്റ് കരിയര്‍ കൗണ്‍സിലിങ്ങ്, ആത്മവിശ്വാസത്തോടെ അഭിമുഖത്തിന് പങ്കെടുക്കാന്‍ സഹായിക്കുന്നവര്‍ക്ക് റെഡിനെസ് പ്രോഗ്രാം, തൊഴിലിടങ്ങളിലെ ആശയവിനിമയം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പേഴ്സണാലിറ്റി ഡവലപ്പ്മെന്റ് ട്രെയിനിങ്, മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ ഡെമോ അഭിമുഖമായ റോബോട്ടിക് ഇന്റര്‍വ്യു, ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം അളക്കുന്നതിനുള്ള ബ്രിട്ടീഷ് കൗണ്‍സില്‍ ഇംഗ്ലീഷ് സ്കോര്‍ ടെസ്റ്റ് ആന്റ് സര്ട്ടിഫിക്കേഷന് തുടങ്ങിയവയാണവ.
മേല്‍പ്പറഞ്ഞ സേവനങ്ങള്‍ക്കുപുറമെ വിവിധ നൈപുണ്യ വികസന പരിശീലനങ്ങളും ലഭ്യമാണ്. തൊഴിലന്വേഷകരുടെ പ്രൊഫൈലില്‍ രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങള്ക്കനുയോജ്യമായ തൊഴിലവസരങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെയും തൊഴില്‍ മേളകളിലൂടെയും ലഭ്യമാകും
- Model Career Centre Kottayam Online Job Fair for MRF Company
- Exciting Job Opportunities in Kerala Government PSU through CMD – Apply by August 8, 2025!
- Upcoming Job Drive in Kollam – August 7, 2025 | Opportunities for SSLC to Degree Holders
- Oriental Insurance Company Announces 500 Assistant Vacancies Across India!
- ഔഷധിയിൽ മെഷീൻ ഓപ്പറേറ്റർ 300 ഒഴിവ്