ഗവ. ഓഫീസുകളിലെ താത്കാലിക നിയമനങ്ങൾ – 7 Dec 2022

0
1408

ഡാറ്റാ എൻട്രി ഓപ്പറേറ്റ‍ർ ഒഴിവ്

പട്ടികവർഗ വികസന വകുപ്പിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ നിലവിലുള്ള ഒരു ഒഴിവിലേക്ക് നിയമനത്തിനായി നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ഉദ്യോഗാർത്ഥികൾ പട്ടികവർഗ വിഭാഗത്തിൽ നിന്നും ഉള്ളവരായിരിക്കണം. ബിരുദവും ഗവൺമെന്റ് അംഗീകൃത പി.ജി.ഡി.സി.എ അല്ലെങ്കിൽ ഡി.സി.എ യോഗ്യതയുമുണ്ടായിരിക്കണം.

പ്രായപരിധി 21-35 വയസ്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം, പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും. നിയമനം പട്ടികവർഗ വികസന വകുപ്പ് ആസ്ഥാനകാര്യാലയത്തിൽ (തിരുവനന്തപുരം) ആയിരിക്കും. നിയമനം തികച്ചും താൽക്കാലികവും മൂന്നു മാസ കാലയളിവിലേക്കും മാത്രമായിരിക്കും.

നിശ്ചിത മാതൃകയിലുള്ള അപേക്ഷയിൽ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ ഡയറക്ടർ, പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയം, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം – 695 033 എന്ന വിലാസത്തിൽ സമർപ്പിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 10 വൈകിട്ട് അഞ്ചുവരെ. വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല. കൂടുതൽവിവരങ്ങൾക്ക്: www.stdd.kerala.gov.in.

യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവ്

കീഴ്‌വായ്പൂര്‍ ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ (ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍) യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ആയുഷ് മിഷന്‍ മുഖേന കരാര്‍ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് പ്രതിമാസം 8000 രൂപ നിരക്കില്‍ 50 വയസില്‍ താഴെയുളളവരെ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലകള്‍ /ഗവണ്‍മെന്റ് നിന്നോ ഒരു വര്‍ഷത്തില്‍ കുറയാത്ത യോഗ പരിശീലന സര്‍ട്ടിഫിക്കറ്റോ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള യോഗ പി.ജി സര്‍ട്ടിഫിക്കറ്റ്/ബിഎന്‍വൈഎസ്, എം എസ് സി (യോഗ), എം ഫില്‍ (യോഗ) സര്‍ട്ടിഫിക്കറ്റോ ഉളളവര്‍ക്ക് വെളളപേപ്പറില്‍ തയാറാക്കിയ ബയോഡേറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഡിസംബര്‍ 11 വരെ അപേക്ഷിക്കാം. വിലാസം : മെഡിക്കല്‍ ഓഫീസര്‍, ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറി, കീഴ്‌വായ്പൂര്‍ , പത്തനംതിട്ട, പിന്‍ 689 587, ഫോണ്‍ : 8547995094.

അപ്രന്റീസ്ഷിപ്പ് മേള

കോട്ടയം: കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും കേരള സർക്കാർ തൊഴിലും നൈപുണ്യവും വകുപ്പും ചേർന്ന് ആർ.ഐ സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള സംഘടിപ്പിക്കുന്നു. ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ നടക്കുന്ന മേളയിൽ എൻജിനീയറിംഗ് ട്രേഡുകളിൽ ഐ ടി.ഐ യോഗ്യത നേടിയവർക്ക് പങ്കെടുക്കാം. രാവിലെ ഒമ്പതു മുതൽ 11 വരെയാണ് രജിസ്ട്രേഷൻ. www.aprenticeshipindia.gov.in എന്ന വെബ്സെറ്റിൽ രജിസ്റ്റർ ചെയ്യണം. വിശദവിവരത്തിന് ഫോൺ: 0481 2561803, 9495393932

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

ചെന്നീര്‍ക്കര ഗവ ഐ.ടി.ഐയില്‍ വെല്‍ഡര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രി /ഡിപ്ലോമ അല്ലെങ്കില്‍ വെല്‍ഡര്‍ ട്രേഡില്‍ എന്‍. റ്റി. സി /എന്‍. എ. സി. യോഗ്യതയും പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ ഡിസംബര്‍ 12 ന് രാവിലെ 11 ന് അഭിമുഖത്തിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐ ടി ഐ യില്‍ ഹാജരാകണം. ഫോണ്‍: 0468 2258710

അങ്കണവാടി ഹെല്‍പ്പര്‍/വര്‍ക്കര്‍ ഒഴിവ്

മുണ്ടൂര്‍ പഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. പഞ്ചായത്തില്‍ സ്ഥിരതാമസമുള്ള 18 നും 46 നും മധ്യേ പ്രായമുള്ള വനിതകള്‍ക്കാണ് അപേക്ഷിക്കാവുന്നത്. വര്‍ക്കര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി. പാസായവരും ഹെല്‍പ്പര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി. പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം അപേക്ഷിക്കേണ്ടത്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ വയസിളവ് അനുവദിക്കും. അപേക്ഷകള്‍ ഡിസംബര്‍ 24 ന് വൈകീട്ട് അഞ്ചിനകം നല്‍കണം.
അപേക്ഷയുടെ മാതൃക പാലക്കാട് അഡീഷണല്‍ ശിശുവികസന ഓഫീസറുടെ കാര്യാലയത്തിലോ ബന്ധപ്പെട്ട സ്വയംഭരണ സ്ഥാപനങ്ങളിലോ ലഭിക്കും. മുന്‍വര്‍ഷങ്ങളില്‍ അപേക്ഷിച്ചവര്‍ക്ക് വീണ്ടും അപേക്ഷിക്കാം. ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസ്, പാലക്കാട് അഡീഷണല്‍, കോങ്ങാട് പി.ഒ., പഴയ പോലീസ് സ്റ്റേഷന് സമീപം-68631 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്.
നിബന്ധനകള്‍ പാലക്കാത്തതും സപ്പോര്‍ട്ടിങ് ഡോക്യുമെന്റ്‌സ്, സ്ഥിരതാമസക്കാരിയാണ് എന്ന് തെളിയിക്കുന്ന രേഖകള്‍ കൃത്യമായി വെക്കാത്തതുമായ അപേക്ഷകള്‍ യാതൊരു അറിയിപ്പും കൂടാതെ നിരസിക്കുമെന്ന് ചൈല്‍ഡ് ഡെവലപ്‌മെന്റ് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2847770.

അനലിറ്റിക്കല്‍ അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷിക്കാം

ആലത്തൂരിലുള്ള ക്ഷീരപരിശീലന കേന്ദ്രത്തിലെ റീജണല്‍ ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി അനലിറ്റിക്കല്‍ അസിസ്റ്റന്റ് (ട്രെയിനി) തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷിക്കാം. അനലിറ്റിക്കല്‍ അസിസ്റ്റന്റ് ട്രെയിനി (കെമിസ്ട്രി) തസ്തികയില്‍ പ്രതിമാസ വേതനം 17,500 രൂപയാണ്. യോഗ്യത ബി.ടെക് ഡയറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി. ഇവരുടെ അഭാവത്തില്‍ എം.എസ്.സി രസതന്ത്രം ഉള്ളവരെ പരിഗണിക്കും. അനലിറ്റിക്കല്‍ അസിസ്റ്റന്റ് ട്രെയിനി (മൈക്രോ ബയോളജി) തസ്തികയില്‍ 17,500 രൂപയാണ് പ്രതിമാസ വേതനം. എം.ടെക് ഇന്‍ ഡയറി മൈക്രോബയോളജി /എം.എസ്.സി ഫുഡ് മൈക്രോ ബയോളജി എന്നിവയാണ് യോഗ്യത. ഈ യോഗ്യത ഇല്ലാത്തവരുടെ അഭാവത്തില്‍ എം.എസ്.സി മൈക്രോ ബയോളജി ഉള്ളവരെ പരിഗണിക്കും. കുറഞ്ഞത് ആറുമാസത്തെ എന്‍.എ.ബി.എല്‍ പ്രവൃത്തിപരിചയം അഭികാമ്യം. ഇരു തസ്തികയിലേക്കും പ്രായം 21 നും 35 നും മധ്യേ.
ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 15 ന് വൈകീട്ട് അഞ്ചിനകം നേരിട്ടോ തപാല്‍ മുഖേനയോ പ്രിന്‍സിപ്പാള്‍ ക്ഷീരപരിശീലന കേന്ദ്രം, ക്ഷീരവികസന വകുപ്പ് ആലത്തൂര്‍, പാലക്കാട് 678541-ല്‍ അപേക്ഷ നല്‍കാം. കൂടിക്കാഴ്ചയ്ക്ക് യോഗ്യത നേടിയവരുടെ പട്ടിക ഡിസംബര്‍ 17 ന് ഉച്ചയ്ക്ക് 12 ന് ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കും. ഡിസംബര്‍ 23 ന് രാവിലെ 11 ന് ആലത്തൂര്‍ ക്ഷീരപരിശീലന കേന്ദ്രത്തില്‍ അഭിമുഖം നടക്കും. അപേക്ഷയില്‍ ഫോണ്‍ നമ്പര്‍ വ്യക്തമായി എഴുതണമെന്നും അഭിമുഖ സമയത്ത് യോഗ്യത സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ അസല്‍ കൈവശം കരുതണമെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04922 226040.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

നെന്മാറ ഗവ ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്ലില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം. ഈഴവ, തിയ്യ, ബില്ലവ ജാതിയില്‍ പെട്ടവര്‍ക്ക് ഡിസംബര്‍ ഒന്‍പതിന് രാവിലെ 11 ന് ഐ.ടി.ഐയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. എം.ബി.എ/ബി.ബി.എ/ഏതെങ്കിലും ബിരുദം/ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം, ഡി.ജി.ടി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും എംപ്ലോയബിലിറ്റി സ്‌കില്ലില്‍ പരിശീലനം എന്നിവയാണ് യോഗ്യത. ഇംഗ്ലീഷ്/ കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ്, പ്ലസ്ടു/ഡിപ്ലോമ ലെവലില്‍ ബേസിക് കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവ നിര്‍ബന്ധം. താത്പര്യമുള്ളവര്‍ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0492 3241010.

ഓവര്‍സീയര്‍ നിയമനം

കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ എല്‍.എസ്.ജി.ഡി സെക്ഷന്‍ അസി. എന്‍ജിനീയറുടെ ഓഫീസില്‍ ഓവര്‍സീയര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഐ.ടി.ഐ/ഐ.ടി.സിയും പ്രവൃത്തിപരിചയം ഉള്ളവരും കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതമാസക്കാരുമായവര്‍ക്ക് അപേക്ഷിക്കാം. പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമ/രണ്ട് വര്‍ഷ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ഡിപ്ലോമ എന്നിവ അധിക യോഗ്യതയായി കണക്കാക്കും. താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട രേഖകളുമായി 2022 ഡിസംബര്‍ 12 ന് വൈകീട്ട് നാലിനകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നേരിട്ട് അപേക്ഷ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04924-230157.

മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഒഴിവ്

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എച്ച്.ഡി.എസിന് കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സി.എസ്.എസ്.ഡി ടെക്നീഷ്യന്‍ തസ്തികയിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. എസ്.എസ്എല്‍.സി പാസായ ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്, മെഡിക്കല്‍ ഇലക്ട്രോണിക് ടെക്നോളജി എന്നിവയില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റോ, ഗവ. അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള സി.എസ്.ആര്‍ ടെക്നോളജിയിലെ ഡിപ്ലോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 45 വയസ് തികയാത്ത യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ എട്ടിന് രാവിലെ 10നകം ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ എത്തണം.

മലിനീകരണ ബോര്‍ഡില്‍ അപ്രന്റ്രീസ് നിയമനം

സംസ്ഥാന മലിനീകരണ ബോര്‍ഡിലെ ജില്ലാ കാര്യാലയത്തിലേക്ക് ഒരു വര്‍ഷത്തേക്ക് കൊമേഴ്സ്യല്‍ അപ്രന്റ്രീസുമാരെ തെരഞ്ഞെടുക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള (ഡിസിഎ/ പിജിഡിസിഎ/ തത്തുല്യ യോഗ്യത) 18നും 26നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം 2023 ജനുവരി ഒന്നിന് രാവിലെ 11നകം മലപ്പുറം റോഡിലെ മുട്ടേങ്ങാടന്‍ ബില്‍ഡിങ്ങില്‍ രണ്ടാം നിലയിലുള്ള ബോര്‍ഡിന്റെ കാര്യാലയത്തില്‍ എത്തണം. ഫോണ്‍: 0483 2733211, 8289868167, 9645580023.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.